പോലിസിന്റെ ലഹരി പരിശോധനയ്ക്കിടെ എംഡിഎംഎ വിഴുങ്ങി; യുവാവ് അവശനിലയില്‍ ആശുപത്രിയില്‍
എറണാകുളം: മൂവാറ്റുപുഴയില്‍ ലഹരി പരിശോധനയ്ക്കിടെ എംഡിഎംഎ വിഴുങ്ങി യുവാവ്. തൊടുപുഴ സ്വദേശി ടോണി സാബുവാണ് എംഡിഎംഎ വിഴുങ്ങിയത്. അവശനിലയിലായ ടോണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടെയുണ്ടായിരുന്നവരില്‍ നിന്ന് ചെറിയ അളവില്‍ കഞ്ചാവും എംഡിഎംഎയും പിടിച്ചെടുത്തു. പോലിസിന്റെ കൈയില്‍ ലഹരി കിട്ടാതിരിക്കാനാണ് തൊടുപുഴ തൈപ്പറമ്പില്‍ സ്വദേശിയായ 23കാരന്‍ ടോണി സാബു എംഡിഎംഎ വിഴുങ്ങിയത്. ഇന്നലെ വൈകീട്ട് നാലരയോടെയാണ് സംഭവം. കിഴക്കേക്കരയിലെ രഹസ്യകേന്ദ്രത്തില്‍ നാലുപേര്‍ ലഹരി ഉപയോഗിക്കുന്നതായി പോലിസിന് വിവരം ലഭിച്ചിരുന്നു. ഇത് പ്രകാരമാണ് പോലിസ് സംഘം സ്ഥലത്തെത്തിയത്. ഇവിടെ നാല് പേരാണ് ഉണ്ടായിരുന്നത്. മൂന്നു പേരില്‍ നിന്ന് ചെറിയ അളവില്‍ കഞ്ചാവ് പിടിച്ചെടുത്തു. ഇവരെ പോലിസ് പരിശോധിച്ച് വരുന്നതിനിടെയാണ് ടോണി എംഡിഎംഎ വിഴുങ്ങിയത്. അവശനിലയിലായ ടോണിയെ പോലിസ് മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികില്‍സയ്ക്കു ശേഷം കോട്ടയം മെഡിക്കല്‍ കോളജിലേക്കു മാറ്റി. യുവാവിന്റെ ആരോഗ്യനില നിലവില്‍ തൃപ്തികരമെന്നാണ് ഡോക്ടേഴ്സ് അറിയിക്കുന്നത്. ആശുപത്രി വിട്ടാലുടന്‍ യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് പോലിസിന്റെ നീക്കം.
No comments