ഇൻസ്റ്റയിൽ മാസം കോടിയിലേറെ രൂപ വരുമാനം! മുന്നിൽ മലയാളി; തരംഗമായി പെയ്‌ഡ് സബ്സ്ക്രിപ്ഷൻ
ഹൈദരാബാദ്: ഇൻസ്റ്റഗ്രാം ഇനി വെറും ഫോട്ടോ പങ്കുവെക്കാനുള്ള ഇടമല്ല, മറിച്ച് കോടികൾ കൊയ്യാനുള്ള ഒരു വലിയ വരുമാന സ്രോതസ്സായി മാറിക്കഴിഞ്ഞു. ബ്രാൻഡുകളുടെ പരസ്യങ്ങളെ മാത്രം ആശ്രയിക്കാതെ, ഫോളോവേഴ്‌സിൽ നിന്ന് നേരിട്ട് പണം സമ്പാദിക്കുന്ന സബ്‌സ്ക്രിപ്ഷൻ മോഡൽ ആണ് ഇപ്പോൾ ഇൻഫ്ലുവൻസർമാർക്കിടയിൽ തരംഗമാകുന്നത്. ഇന്ത്യയിലെ പല പ്രമുഖ ക്രിയേറ്റർമാരും ഈ സംവിധാനത്തിലൂടെ മാസം തോറും ലക്ഷങ്ങളും കോടികളുമാണ് സമ്പാദിക്കുന്നത്
ഈ രംഗത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന പേരുകളിലൊന്നാണ് 'പർപ്പിൾ ഹാൽസിയോൺ' എന്ന പേരിൽ അറിയപ്പെടുന്ന മലയാളി താരം അശ്വനി എ. കേരളിൽ നിന്നുള്ള ഈ ട്രാവൽ-ഫാഷൻ ഇൻഫ്ലുവൻസർ മാസം തോറും ഒരു കോടി രൂപയിലധികം ഇൻസ്റ്റഗ്രാമിലൂടെ മാത്രം നേടുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അശ്വനിക്ക് നിലവിൽ 28,300 പേർ പണം നൽകിയുള്ള സബ്സ്ക്രൈബർമാരായിട്ടുണ്ട്. ഒരാളിൽനിന്ന് പ്രതിമാസം 399 രൂപയാണ് ഇവർ ഈടാക്കുന്നത്. ഇത് കണക്കാക്കിയാൽ മാസം തോറും ഏകദേശം 1.12 കോടി രൂപയാണ് സബ്‌സ്ക്രിപ്ഷൻ വഴി മാത്രം ലഭിക്കുന്നത്.
അശ്വനി മാത്രമല്ല, സിനിമാ താരങ്ങളും മറ്റു പ്രമുഖ ഇൻഫ്ലുവൻസർമാരും ഈ പാത പിന്തുടരുന്നുണ്ട്.പ്രമുഖ നടിയും ഇൻഫ്ലുവൻസറുമായ വിഷ്ണുപ്രിയയ്ക്കും 399 രൂപയുടെ സബ്സ്ക്രിപ്ഷൻ പ്ലാനുണ്ട്. ഏകദേശം 2,729 സബ്സ്ക്രൈബർമാരുള്ള ഇവർക്ക് മാസം പത്ത് ലക്ഷത്തിലധികം രൂപ ഇതുവഴി ലഭിക്കുന്നു. 199 രൂപ നിരക്കിൽ 7,435 സബ്സ്ക്രൈബർമാരുള്ള സോഫിയ മാസം 14.7 ലക്ഷം രൂപയോളം സമ്പാദിക്കുന്നു.
പണം നൽകി സബ്സ്ക്രിപ്ഷൻ എടുക്കുന്നവർക്ക് സാധാരണക്കാർക്ക് കാണാൻ കഴിയാത്ത എക്സ്ക്ലൂസീവ് സ്റ്റോറികൾ, റീലുകൾ, പോസ്റ്റുകൾ എന്നിവ കാണാം. കൂടാതെ, ഷൂട്ടിങ്ങിൻ്റെ ബിഹൈൻഡ് ദ സീൻ ദൃശ്യങ്ങൾ, വിഡിയോകൾ നേരത്തെ കാണാനുള്ള അവസരം, കമൻ്റ് ചെയ്യുമ്പോൾ പ്രത്യേകം തിരിച്ചറിയാനുള്ള ബാഡ്‌ജുകൾ എന്നിവയും ഇവർക്ക് ലഭിക്കും. ചില ക്രിയേറ്റർമാർ സബ്സ്ക്രൈബർമാർക്കായി പ്രത്യേക ചാറ്റിങ് സെഷനുകളും ഒരുക്കാറുണ്ട്.
ബ്രാൻഡുകളുടെ നിബന്ധനകൾക്ക് വഴങ്ങാതെ, തങ്ങളെ ഇഷ്ടപ്പെടുന്ന ഫോളോവേഴ്‌സിലൂടെ സ്ഥിരമായ മാസവരുമാനം ഉറപ്പാക്കാം എന്നതാണ് ഈ മോഡലിന്റെ പ്രത്യേകത. സോഷ്യൽ മീഡിയ ലോകത്തെ ഈ പുതിയ വിപ്ലവം വരും ദിവസങ്ങളിൽ കൂടുതൽ പേരിലേക്ക് പടരുമെന്നുറപ്പാണ്.
No comments