Header Ads

ad728
  • Breaking News

    വിവരാവകാശ അപേക്ഷയ്ക്ക് മറുപടി നൽകിയില്ല; പാഠം പഠിച്ച് പഞ്ചായത്ത് സെക്രട്ടറി; 10,000 രൂപ പിഴ


    പത്തനംതിട്ട: വിവരാവകാശ അപേക്ഷയ്ക്ക് മറുപടി നൽകാത്ത പഞ്ചായത്ത് സെക്രട്ടറിക്ക് പിഴ ചുമത്തി വിവരാവകാശ കമ്മീഷൻ. തിടനാട് പഞ്ചായത്ത് സെക്രട്ടറിയായ പി പി മണിയപ്പനാണ് പിഴ ചുമത്തിയത്. 10,000 രൂപയാണ് പിഴ.

    മുഖ്യ വിവരാവകാശ കമ്മീഷണർ വി ഹരി നായർ ആണ് പിഴ ചുമത്തിയത്. മണിയപ്പൻ എരുമേലി പഞ്ചായത്ത് സെക്രട്ടറിയായിരിക്കെ കഴിഞ്ഞ വർഷമാണ് സംഭവം ഉണ്ടായത്. ഏപ്രിൽ 22ന് എരുമേലി സ്വദേശി പുത്തൻവീട്ടിൽ പി എച്ച്‌ റഷീദ് തന്റെ കെട്ടിടത്തിന്റെ കാര്യങ്ങളുമായി ബന്ധപ്പെട്ട് വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയിരുന്നു. ഇതിന് മറുപടി ലഭിക്കാതെ വന്നതോടെയാണ് റഷീദ് വിവരാവകാശ കമ്മീഷനിൽ പരാതി നൽകിയത്.

    ഇതിൽ കമ്മീഷൻ ഹിയറിങ് നടത്തുകയും മണിയപ്പനെ കുറ്റക്കാരനെന്ന് കണ്ടെത്തുകയുമായിരുന്നു. സ്ഥലംമാറ്റം ലഭിച്ചുപോയതിനാലാണ് മറുപടി നൽകാൻ കഴിയാതെയിരുന്നത് എന്നായിരുന്നു മണിയപ്പന്റെ വിശദീകരണം. എന്നാൽ അതിന് മുൻപും മണിയപ്പന് മറുപടി നൽകാൻ അവസരം ഉണ്ടായിരുന്നുവെന്നും എന്നാൽ അത് ചെയ്തില്ലെന്നും കമ്മീഷൻ കണ്ടെത്തി.

    ഹിയറിങിനിടെ നിലവിലുള്ള എരുമേലി പഞ്ചായത്ത് സെക്രട്ടറി ബി മഞ്ജുവിനോട് കമ്മീഷൻ വിശദീകരണം തേടിയിരുന്നു. എന്നാൽ ചുമതല ഏറ്റെടുത്ത ശേഷം അവധിയിൽ പോയതിനാൽ മറുപടി നൽകാൻ കഴിഞ്ഞില്ല എന്നായിരുന്നു മഞ്ജുവിന്റെ മറുപടി. ഇത് കമ്മീഷൻ സ്വീകരിച്ചു.

    ഹിയറിങ്ങിൽ എരുമേലി അസിസ്റ്റന്റ് സെക്രട്ടറി മുഹമ്മദ് റാഫി, പി പി മണിയപ്പൻ എന്നിവർ ഹാജരായിരുന്നു. അപേക്ഷയ്ക്ക് മറുപടി നൽകാനും 30 ദിവസത്തിൽ പിഴ അടക്കാനും മണിയപ്പന് കമ്മീഷൻ നിർദേശം നൽകി. അല്ലെങ്കിൽ സമ്പത്തില്‍ നിന്നോ സ്ഥാവര ജംഗമ വസ്തുക്കളിൽ നിന്ന് ജപ്തി നടത്തി തുക ഈടാക്കണം എന്നുമാണ് ഉത്തരവ്.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728