ഇനി കോലം കത്തിക്കരുത്; ജാഥയില്‍ പങ്കെടുക്കുന്നവരും ശ്രദ്ധിക്കണം; മതത്തെ ഉപയോഗിക്കരുത്; മാതൃകാ പെരുമാറ്റച്ചട്ടത്തിലെ വിലക്കുകള്‍
_ന്യൂഡല്‍ഹി: നാല് സംസ്ഥാനങ്ങളിലും ഒരു കേന്ദ്ര ഭരണ പ്രദേശത്തും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നിരിക്കുകയാണ്._
_രാഷ്ട്രീയ കക്ഷികളും സ്ഥാനാർഥികളും മാത്രമല്ല, പൊതുജനങ്ങളും ചില കാര്യങ്ങളില്‍ ഇനിമുതല്‍ ശ്രദ്ധ പുലർത്തേണ്ടതായുണ്ട്. പ്രകടനങ്ങളിലും റാലികളിലും പങ്കെടുക്കുന്നത് പൊതുജനങ്ങളാകയാല്‍ അവയുമായി ബന്ധപ്പെട്ട് പുറത്തിറക്കിയിട്ടുള്ള ചട്ടങ്ങള്‍ പ്രധാനമാണ്. കൂടാതെ സോഷ്യല്‍ മീഡിയയിലടക്കം ഇടപെടുമ്പോള്‍ മാതൃകാ പെരുമാറ്റച്ചട്ടം ഓർമയിലുണ്ടാകണം._
_ജാതിമത വർഗീയ വികാരങ്ങള്‍ ഇളക്കരുത്!_
_മതം, ജാതി, വർഗീയ വികാരങ്ങള്‍ എന്നിവയെ മുൻനിർത്തിയുള്ള പ്രചാരണ പരിപാടികള്‍ക്ക് വിലക്കുണ്ട്. രാഷ്ട്രീയ വിമർശനങ്ങളാകാമെങ്കിലും അത് വ്യക്തികളുടെ സ്വകാര്യ ജീവിതത്തെ സ്പർശിക്കുന്നതാകരുത്. രാഷ്ട്രീയ കക്ഷിയുടെ നയപരിപാടികളെ വിമർശിക്കാം._ _അവരുടെ രാഷ്ട്രീയ പ്രകടനത്തെ വിലയിരുത്താം._
_പണം വോട്ടർമാരുടെ പോക്കറ്റിലേക്ക് ഇറക്കരുത്!_
_വോട്ടിനു വേണ്ടി കൈക്കൂലി നല്‍കുകയോ, ഭീഷണിപ്പെടുത്തുകയോ ചെയ്യരുത്. വോട്ട് ചെയ്യാനായി ആള്‍മാറാട്ടം നടത്തുന്നതും വലിയ കുറ്റകൃത്യമാണ്._ _പോളിംഗ് സ്റ്റേഷനുകള്‍ക്ക് സമീപം പ്രചാരണം നടത്തുന്നതും നിയമവിരുദ്ധ പ്രവർത്തനമാണ്._ _സ്വകാര്യ വീടുകള്‍ക്ക് പുറത്ത് പ്രകടനങ്ങള്‍ നടത്തുന്നതിനും, പ്രചാരണത്തിനായി മറ്റൊരാളുടെ സ്വത്ത് ഉപയോഗിക്കുന്നതിനും വിലക്കുണ്ട്._
_അനുമതിയില്ലാതെ ജാഥ റൂട്ട് മാറ്റരുത്!_
_പാർട്ടികള്‍ ഇനിമുതല്‍ നടത്തുന്ന യോഗങ്ങളെയും ജാഥകളെയും കുറിച്ച് അധികാരികളെ അറിയിക്കണം._ _പോലീസ് അടക്കമുള്ള അധികാരികളില്‍ നിന്ന് ആവശ്യമായ അനുമതികള്‍ വാങ്ങാതെ പരിപാടികള്‍ നടത്തരുത്._ _ഉച്ചഭാഷിണി ഉപയോഗിക്കാനും, വലിയ തോതില്‍ ആളുകളെ ഒരുമിച്ചു കൂട്ടുന്നതിനുമെല്ലാം അനുമതി വാങ്ങണം. ക്രമസമാധാനപാലനത്തിന് പോലീസിനെ സഹായിക്കണം._ _റാലികളും മറ്റും നടക്കുമ്പോള്‍ ഗതാഗതം നിയന്ത്രിക്കുന്നതിനും പോലീസ് നിർദ്ദേശങ്ങള്‍ പാലിക്കണം. ജാഥകള്‍ മുൻകൂട്ടി നിശ്ചയിച്ച വഴികളിലൂടെ വേണം കടന്നു പോകാൻ. സ്വന്തം ഇഷ്ടപ്രകാരം ഈ റൂട്ടില്‍ മാറ്റം വരുത്തരുത്._
_കോലം കത്തിക്കരുത്!_
_പടക്കങ്ങള്‍ പോലുള്ള അപകടകരമായ വസ്തുക്കള്‍ കൊണ്ടു നടക്കുന്നതിന് നിരോധനം നിലവില്‍ വന്നു കഴിഞ്ഞു._ _കോലം കത്തിക്കുന്നതും നിരോധിച്ചിരിക്കുന്നു. പാർട്ടികള്‍ ജാഥ നടത്തുമ്പോള്‍ മറ്റ് ജാഥകളുമായി ഏറ്റുമുട്ടുന്നത് ഒഴിവാക്കണം._ _പാർട്ടികളും സ്ഥാനാർത്ഥികളും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായി സഹകരിച്ച് പോളിങ് പൂര്‍ത്തിയാക്കണം._ _പോളിംഗ് ബൂത്തുകള്‍ക്ക് സമീപത്ത് പ്രചാരണം അരുത്. മദ്യം ഒരു കാരണവശാലും പ്രചാരണത്തിന് ഉപയോഗിക്കരുത്. പോളിങ് സ്ഥലത്ത് തിരക്കുണ്ടാക്കാൻ പാടില്ല._
_സർക്കാരിന്റെ മാധ്യമങ്ങളെ ദുരുപയോഗം ചെയ്യരുത്._
_ഭരണകക്ഷിയെ അനുകൂലിക്കുന്ന തരത്തിലുള്ള പക്ഷപാതപരമായ വാർത്തകള്‍ പ്രചരിപ്പിക്കാൻ സർക്കാരിന്റെ ഔദ്യോഗിക മാധ്യമങ്ങളെ ഉപയോഗിക്കരുത് എന്നും ചട്ടമുണ്ട്. പ്രചാരണത്തിനായി സർക്കാരിന്റെ ഔദ്യോഗിക വാഹനങ്ങളോ സംവിധാനങ്ങളോ ഉപയോഗിക്കരുത്. സർക്കാർ ഫണ്ടുകളും ഇതിനായി ഉപയോഗപ്പെടുത്തിക്കൂടാ. വോട്ടർമാരെ സ്വാധീനിക്കാൻ പണമോ മറ്റ് വസ്തുക്കളോ നല്‍കുന്നത് മാതൃകാ പെരുമാറ്റച്ചട്ടം വിലക്കുന്നു. ഈ സമയത്ത് ഇനി പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കരുത്. അടിസ്ഥാന സൗകര്യ വാഗ്ദാനം നല്‍കരുത്. പെരുമാറ്റച്ചട്ടം നിലവില്‍ വന്നാല്‍ ഇനി താല്‍ക്കാലിക നിയമനങ്ങള്‍ അരുത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരുക്കുന്ന സർക്കാർ സൗകര്യങ്ങള്‍ എല്ലാംതന്നെ എല്ലാ പാർട്ടികള്‍ക്കും ഒരുപോലെ ലഭ്യമായിരിക്കണം. തിരഞ്ഞെടുപ്പ് പ്രകടന പത്രികകള്‍ ഭരണഘടനാ തത്വങ്ങള്‍ പാലിക്കുന്നതാകണം. പോളിങ്ങിന് മുമ്പുള്ള നിശ്ശബ്ദ പ്രചാരണ കാലയളവില്‍ ഒരു വാഗ്ദാനവും നല്‍കരുത്.
No comments