പ്ലാസ്റ്റിക് സംഭരണ-സംസ്കരണ ശാലയിൽ വൻ തീപിടിത്തം; വിഷപ്പുക ശ്വസിച്ച് ആളുകൾക്ക് അസ്വസ്ഥത_
_നടുവണ്ണൂർ: മന്ദങ്കാവിൽ പ്ലാസ്റ്റിക് സംഭരണ സംസ്കരണ ശാലയിൽ വൻ തീപിടിത്തം. സി.പി എന്റർപ്രൈസസ് പ്രോസസിങ് യൂനിറ്റിലാണ് തീ പടർന്നത്. സംഭരണശാലയുടെ ഒരു ഭാഗം പൂർണമായും കത്തിനശിച്ചു. സംഭവസ്ഥലത്തുള്ള 10 വീട്ടുകാരെ തൊട്ടടുത്തുള്ള മന്ദങ്കാവ് മദ്റസയിലെ ആശ്വാസ ക്യാമ്പിലേക്ക് മാറ്റിപ്പാർപ്പിച്ചു. മന്ദങ്കാവിൽ കേരഫെഡ് അടങ്ങുന്ന വ്യവസായ മേഖലക്ക് സമീപമാണ് ഞായറാഴ്ച ഉച്ചക്ക് 1.30ഓടെ തീപിടിത്തമുണ്ടായത്. ഇവിടെ കൂട്ടിയിട്ട ആക്രിസാധനങ്ങൾക്കാണ് തീപിടിച്ചത്. ഇത് മറ്റിടങ്ങളിലേക്ക് പടരുകയായിരുന്നു. ഉടൻതന്നെ നാട്ടുകാർ ഫയർഫോഴ്സിനെ വിവരമറിയിച്ചു. കൊയിലാണ്ടി, പേരാമ്പ്ര എന്നിവിടങ്ങളിൽനിന്ന് ഫയർ ഫോഴ്സിന്റെ നാല് യൂനിറ്റുകൾ എത്തിയാണ് തീയണച്ചത്. പ്ലാസ്റ്റിക് കമ്പനിക്ക് സമീപത്തുണ്ടായിരുന്ന ട്രാൻസ്ഫോർമറും കത്തിനശിച്ചിട്ടുണ്ട്. തീ പൂർണമായി അണച്ചെങ്കിലും ഈ ഭാഗത്തുനിന്ന് പുക ഉയരുന്നുണ്ട്. ഇത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. പ്ലാസ്റ്റിക് കത്തിയതിനെ തുടർന്ന് വലിയ രീതിയിലുള്ള കറുത്ത പുക പരിസരമാകെ വ്യാപിച്ചിരുന്നു. പ്ലാസ്റ്റിക് വിഷപ്പുക ശ്വസിച്ചതിനെ തുടർന്ന് ചിലർക്ക് തലകറക്കം, ബാലൻസ് നഷ്ടപ്പെടൽ തുടങ്ങിയവ അനുഭവപ്പെടുന്നുണ്ടെന്ന് പരിസരവാസികൾ പറയുന്നു. നടുവണ്ണൂർ ഹെൽത്ത് വിഭാഗം ഇവർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. കമ്പനിയിൽ ഏകദേശം 25 ലക്ഷത്തോളം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഞായറാഴ്ച പ്രവൃത്തി നടന്നിരുന്നില്ലെങ്കിലും കമ്പനിക്കുള്ളിൽ ജോലിക്കാരുണ്ടായിരുന്നു. പഴയ പ്ലാസ്റ്റിക് സാധനങ്ങൾ സംഭരിക്കുകയും അത് സംസ്കരിച്ച് പുതിയ ഉൽപന്നങ്ങളാക്കി മാറ്റുകയും ചെയ്യുന്ന കമ്പനിയാണിത്. വൈകീട്ട് നടന്ന സർവകക്ഷി യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജ മുരളി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും പ്രദേശത്തെ മെംബറുമായ പി. സുജ കാര്യങ്ങൾ വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫിസർ, ബാലുശ്ശേരി സർക്കിൾ ഇൻസ്പെക്ടർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ സംസാരിച്ചു._
No comments