Header Ads

ad728
  • Breaking News

    പശ്ചിമേഷ്യൻ സംഘർഷം ; കടലിൽ കുടുങ്ങിയത് 27 ഇന്ത്യൻ കപ്പലുകൾ, ഹോർമുസ് കടലിടുക്കിലേക്ക് കടന്നാൽ തീയിടുമെന്നാണ് ഇറാൻ മുന്നറിയിപ്പ്





    ദില്ലി :- പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതോടെ 27 ഇന്ത്യൻ കപ്പലുകൾ കടലിൽ കുടുങ്ങി. ഏകദേശം 10,000 കോടി രൂപയുടെ ഉൽപ്പന്നങ്ങളുമായി പോയ കപ്പലുകളാണിത്. ഹോർമുസ് കടലിടുക്കിലേക്ക് കടന്നാൽ തീയിടുമെന്നാണ് ഇറാൻ നൽകിയിരിക്കുന്ന മുന്നറിയിപ്പ്. അതിനാൽ തന്നെ മുന്നോട്ട് പോകാനാവാതെ നടുക്കടലിൽ കിടക്കുകയാണ് കപ്പലുകൾ. അടയന്തിര സാഹചര്യം പരിഹരിക്കാൻ കേന്ദ്രം ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയിലെ കപ്പലുടമകളുടെ സംഘടനയായ  ഇന്ത്യൻ നാഷണൽ ഷിപ്പ് ഓണേഴ്് അസോസിയേഷൻ (ഐഎൻഎസ്എ), കേന്ദ്ര തുറമുഖ-ഷിപ്പിംഗ് മന്ത്രാലയത്തിന് കത്തയച്ചു.

    ഇന്ത്യൻ കപ്പലുകൾക്ക് പുറമെ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള നിരവധി കപ്പലുകളും ഈ ഭാഗത്ത് കുടുങ്ങിക്കിടക്കുകയാണ്. ഹോർമുസ് കടലിടുക്ക് മറികടക്കാൻ ശ്രമിക്കുന്ന കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടാകുമെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മാത്രമല്ല, ഇതുവരെ കടലിടുക്ക് മുറിച്ചുകടന്ന ആറ് കപ്പലുകൾ ഇറാൻ ആക്രമിക്കുകയും ചെയ്‌തിട്ടുണ്ട്. ഇന്ത്യ ഇറക്കുമതി ചെയ്യുന്ന ലിക്വിഫൈഡ് പെട്രോളിയം ഗ്യാസിൻ്റെ (എൽപിജി) 85 ശതമാനവും ഈ പാതയിലൂടെയാണ് വരുന്നത്. നിലവിലെ പ്രതിസന്ധി ഇന്ത്യയുടെ ഊർജ്ജ ഇറക്കുമതിയെ ദോഷകരമായി ബാധിക്കും.

    ഒരു ഇന്ത്യൻ കപ്പലിന് നേരെ മിസൈൽ ആക്രമണം ഉണ്ടായെങ്കിലും തലനാരിഴയ്ക്കാണ് കപ്പൽ രക്ഷപ്പെട്ടതെന്ന് ഐഎൻഎസ്എ കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്ന കപ്പലുകളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ ഇറാൻ, ഇസ്രായേൽ അധികൃതരുമായി നയതന്ത്ര ചർച്ചകൾ നടത്തണമെന്ന് കപ്പലുടമകൾ സർക്കാരിനോട് അഭ്യർത്ഥിച്ചു. ലോകത്തെ ആകെ എണ്ണ വ്യാപാരത്തിന്റെ 30 ശതമാനവും കടന്നുപോകുന്ന പാതയാണിത്. അതിനാൽ അന്താരാഷ്ട്ര തലത്തിലും ഈ പ്രതിസന്ധി വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728