കണ്ണൂരിൽ സി.പി.എം സാധ്യത പട്ടികയായി
കണ്ണൂർ: നിയമസഭ തെരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലയിൽ മത്സരിക്കേണ്ട സി.പി.എം സ്ഥാനാർഥി പട്ടികയിൽ പയ്യന്നൂരിൽ ധൻരാജ് ഫണ്ട് തട്ടിപ്പിൽ ആരോപണം നേരിട്ട ടി.ഐ. മധുസൂദനനും. അഴീക്കോട് കെ.വി. സുമേഷും കല്യാശ്ശേരിയിൽ എം. വിജിനും വീണ്ടും മത്സരിക്കും. മുതിർന്ന നേതാക്കളായ ഇ.പി. ജയരാജൻ, പി. ജയരാജൻ, പി. ശശി, ജില്ല സെക്രട്ടേറിയറ്റ് അംഗം എം.വി. നികേഷ് കുമാർ എന്നിവരുടെ പേര് സാധ്യതപട്ടികയിലില്ല.
ബുധനാഴ്ച ചേർന്ന ജില്ല സെക്രട്ടേറിയറ്റ് തീരുമാനം വ്യാഴാഴ്‌ച ചേർന്ന ജില്ല കമ്മിറ്റിയോഗം അംഗീകരിച്ചു. അന്തിമ അനുമതിക്കായി പട്ടിക സംസ്ഥാന കമ്മിറ്റിക്ക് വിട്ടു. ടേം വ്യവസ്ഥകൾക്കു പകരം ജയം മാത്രം പരിഗണിച്ച് ഒരു മണ്ഡലത്തിലേക്ക് മൂന്ന് പേരുകൾ വരെയാണ് നിർദേശിച്ചത്. മട്ടന്നൂരിൽ കെ.കെ. ശൈലജ, ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്, സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം പി. പുരുഷോത്തമൻ എന്നിവരാണ് പട്ടികയിലുള്ളത്.
തലശ്ശേരിയിൽ കാരായി രാജൻ, എം.വി. ജയരാജൻ, പേരാവൂരിൽ സി.പി.എം ഏരിയ സെക്രട്ടറി സക്കീർ ഹുസൈൻ, തളിപ്പറമ്പിൽ എം.വി. ഗോവിന്ദനു പകരം ഭാര്യ പി.കെ. ശ്യാമള, എൻ. സുകന്യ, എം.വി. ജയരാജൻ എന്നിവരുടെ പേരുകളും പരിഗണിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ധർമടത്ത് മത്സരിക്കുമെങ്കിലും പി.ബി തീരുമാനിക്കേണ്ട വിഷയമായതിനാൽ ജില്ല കമ്മിറ്റിയിൽ ചർച്ചക്കു വന്നില്ല.
No comments