വന്ദേഭാരത് എക്സ്പ്രസിന് നേരെ കല്ലേറ്; കണ്ണൂരിൽ യുവാവ് അറസ്റ്റിൽ
കണ്ണൂർ : തിരുവനന്തപുരത്തുനിന്ന് മംഗളൂരുവിലേക്ക് പോകുകയായിരുന്ന വന്ദേഭാരത് എക്സ്പ്രസിന് (Train No. 20632) നേരെ കല്ലെറിഞ്ഞ സംഭവത്തിൽ യുവാവ് പിടിയിൽ. കണ്ണൂർ സിറ്റി മൈതാനപ്പള്ളി സ്വദേശി അസഹറുദ്ദീനെയാണ് (22) റെയിൽവേ സംരക്ഷണ സേന (RPF) അറസ്റ്റ് ചെയ്തത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
കഴിഞ്ഞ എട്ടിന് രാത്രി 11 മണിയോടെ കണ്ണൂർ സൗത്ത് സ്റ്റേഷനും കണ്ണൂർ റെയിൽവേ സ്റ്റേഷനുമിടയിൽ വെച്ചായിരുന്നു സംഭവം. സുഹൃത്തുക്കൾക്കൊപ്പം റെയിൽവേ പാളത്തിന് സമീപമിരിക്കുകയായിരുന്ന പ്രതി ട്രെയിൻ കടന്നുപോയപ്പോൾ കല്ലെറിയുകയായിരുന്നു. ട്രെയിനിന്റെ സി-3 കോച്ചിന്റെ ജനൽചില്ലിലാണ് കല്ലുകൊണ്ടത്. ചില്ല് തകരാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി.
കണ്ണൂർ ആർപിഎഫ് ഇൻസ്പെക്ടർ ജെ. വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ആർപിഎഫ് എസ്‌ഐ കെ.എം. സുനിൽകുമാർ, എഎസ്‌ഐ വി.വി. സഞ്ജയ്, ക്രൈം ഇൻവെസ്റ്റിഗേഷൻ സ്ക്വാഡ് അംഗങ്ങളായ ഒ.കെ. അജീഷ്, എം. ബൈജു, കെ. സജേഷ്, റെയിൽവേ പോലീസ് ഇന്റലിജൻസിലെ എൻ.പി. ജിതിൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
No comments