Header Ads

ad728
  • Breaking News

    ടി20 ലോകകപ്പ് : പാകിസ്താനെ തോൽപ്പിച്ച് ഇന്ത്യ സൂപ്പർ എട്ടിൽ


    കൊളംബോ : ഗ്രൂപ്പിലെ മൂന്നാം മത്സരത്തിൽ പാകിസ്താനെ 61 റൺസിന് പരാജപ്പെടുത്തി ഇന്ത്യ. ജയത്തോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായ ഇന്ത്യ സൂപ്പർ എട്ടിലേക്ക് കടന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 176 റൺസ് ലക്ഷ്യം പിന്തുടർന്ന പാകിസ്താൻ 114 റൺസിന് പുറത്താവുകയായിരുന്നു.
    ടോസ് നേടിയ പാകിസ്താൻ നായകൻ സൽമാൻ അലി ആഗ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യ ഓവറിലെ അവസാന പന്തിൽ അഭിഷേക് ശർമയെ പുറത്താക്കി പാകിസ്താൻ മികച്ചൊരു തുടക്കം നേടിയെങ്കിലും തിലക് വർമക്കൊപ്പം ചേർന്ന് ഇഷാൻ കിഷൻ ഇന്ത്യൻ സ്‌കോർ ബോർഡ് ചലിപ്പിച്ചു. 40 പന്തിൽ 10 ഫോറും 3 സിക്സുമടക്കം 77 റൺസ് നേടി ഇഷാൻ മടങ്ങുമ്പോൾ ഇന്ത്യ 88/2 എന്ന നിലയിലായിരുന്നു. പിന്നാലെ ഇറങ്ങിയ നായകൻ സൂര്യ കുമാർ യാദവ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും ഹർദിക് പാണ്ട്യ ഗോൾഡൻ ഡക്കായി മടങ്ങി. അവസാന ഓവറുകളിൽ റിങ്കു സിങ്, ശിവം ദുബെ എന്നിവർ കൂടി തിളങ്ങിയതോടെ ഇന്ത്യ 175 റൺസ് എന്ന ടോട്ടലിലെത്തി. പാകിസ്താനായി സൈം അയൂബ് മൂന്ന് വിക്കറ്റ് നേടിയപ്പോൾ ഉസ്മാൻ താരിഖ്, സൽമാൻ ആഗ, ഷഹീൻ അഫ്രീദി എന്നിവർ ഓരോ വിക്കറ്റും നേടി.
    മറുപടി ബാറ്റിങ്ങിൽ ആദ്യ ഓവറിൽ തന്നെ പാകിസ്താന് വിക്കറ്റ് നഷ്ടമായി. ഓപണർ സഹിബ്സാദാ ഫർഹാനെ ഹർദിക് റിങ്കു സിംഗിന്റെ കൈകളിലെത്തിച്ചു. രണ്ടാം ഓവറിൽ സൈം അയൂബിനെ വിക്കറ്റിന് മുന്നിൽ കുരുക്കിയ ബുമ്ര, അതെ ഓവറിൽ നായകൻ സൽമാൻ ആഗയേയും പുറത്താക്കി. നാലാമനായ ഇറങ്ങിയ ഉസ്മാൻ ഖാൻ ഒരറ്റത്ത് നിലയുറപ്പിച്ചെങ്കിലും മറുപുറത്ത് വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യ പാകിസ്താനെ സമ്മർദ്ദത്തിലാക്കി.
    44 റൺസ് നേടിയ ഉസ്മാൻ ഖാനെ അക്‌സർ പട്ടേൽ പുറത്താക്കിയപ്പോൾ ശദാബ് ഖാനെ തിലക് വർമ ശിവം ദുബെയുടെ കൈയിലെത്തിച്ചു. വരുൺ ചക്രവർത്തിയുടെ പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങി അബ്രാർ കൂടി പുറത്തായതോടെ പാകിസ്താൻ 97/9 എന്ന നിലയിലേക്ക് കൂപ്പുകുത്തി. അവസാന ഓവറുകളിൽ ഷഹീൻ അഫ്രീദി തകർത്തടിക്കാൻ ശ്രമിച്ചെങ്കിലും ഉസ്മാൻ താരീഖിനെ പുറത്താക്കി ഹർദിക് ഇന്ത്യയുടെ വിജയുമുറപ്പിച്ചു.
    ഇന്ത്യക്കായി ഹർദിക് പാണ്ട്യ, വരുൺ ചക്രവർത്തി എന്നിവർ മൂന്നും ജസ്പ്രീത് ബുമ്ര, അക്‌സർ പട്ടേൽ എന്നിവർ രണ്ട് വിക്കറ്റും വീഴ്ത്തി. തിലക് വർമ, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റും നേടി.


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728