വാഹനാപകടത്തില്‍ മരിച്ച യാചകന്റെ സഞ്ചിയില്‍ നാലര ലക്ഷം, പ്ലാസ്റ്റിക് ടിന്നുകളില്‍ അടുക്കി ടേപ്പ് ഒട്ടിച്ച നിലയില്‍
_*ആലപ്പുഴ*: വാഹനാപകടത്തില്‍ മരിച്ച യാചകന്റെ സഞ്ചികളില്‍ നിന്നു പൊലീസിന് ലഭിച്ചത് നാലര ലക്ഷം രൂപ. ചാരുംമൂട്ടിലും പരിസരങ്ങളിലുമായി ഭിക്ഷാടനം നടത്തിവന്ന ഇയാളെ തിങ്കളാഴ്ച വൈകീട്ടാണ് സ്‌കൂട്ടര്‍ ഇടിച്ചത്._
പരിക്കേറ്റ ഇയാളെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്.
തലയ്ക്ക് പരുക്കുള്ളതിനാല്‍ വിദഗ്ധ ചികിത്സ വേണമെന്നു ഡോക്ടര്‍ നിര്‍ദേശിച്ചെങ്കിലും രാത്രിയോടെ ഇയാള്‍ ആശുപത്രിയില്‍ നിന്നിറങ്ങിപ്പോയി. ഇന്നലെ രാവിലെ കടത്തിണ്ണയില്‍ മരിച്ച നിലയില്‍ കാണുകയായിരുന്നു.
നൂറനാട് പൊലീസ് എത്തി മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റുകയും ഇയാളുടെ സഞ്ചികള്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു. സഞ്ചികള്‍ പരിശോധിച്ചപ്പോഴാണ് നോട്ടുകള്‍ അടങ്ങിയ പ്ലാസ്റ്റിക് ടിന്നുകളും പഴ്‌സുകളും ലഭിച്ചത്.
_5 പ്ലാസ്റ്റിക് ടിന്നുകളിലായി അടുക്കി ടേപ്പ് ഒട്ടിച്ച് ഭദ്രമാക്കിയ നിലയില്‍ 4,52,207 രൂപയാണ് ലഭിച്ചത്. രണ്ടായിരത്തിന്റെ 12 നോട്ടുകളും സൗദി റിയാലും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഇയാളുടെ ബന്ധുക്കളാരും തന്നെ ഇതുവരെ എത്തിയിട്ടില്ലെന്നും കണ്ടുകിട്ടിയ പണം കോടതിയില്‍ ഹാജരാക്കുമെന്നും നൂറനാട് എസ്‌എച്ച്‌ഒ എസ്.ശ്രീകുമാര്‍ പറഞ്ഞു. അനില്‍ കിഷോര്‍, തൈപ്പറമ്പില്‍, കായംകുളം എന്നാണ് ഇയാള്‍ ആശുപത്രിയില്‍ നല്‍കിയ വിലാസം._
No comments