വൻ ഹിറ്റായ വന്ദേഭാരതിന്റെ മറ്റൊരു രൂപമായ സ്ലീപ്പർ ട്രെയിനിൻ്റെ അന്തിമ അതിവേഗ പരീക്ഷണം വിജയകരമായി പൂർത്തിയായി.
റെയിൽവേ സുരക്ഷാ കമീഷണറുടെ മേൽനോട്ടത്തിൽ രാജസ്ഥാനിലെ കോട്ട-നാഗ്‌ദ സെക്ഷനിൽ നടന്ന പരീക്ഷണത്തിൽ ട്രെയിൻ മണിക്കൂറിൽ 180 കിലോമീറ്റർ വരെ വേഗത്തിൽ കുതിച്ചു. സുരക്ഷാ പരീക്ഷണത്തിൻ്റെ വിഡിയോ സമൂഹമാധ്യമമായ എക്സിൽ റെയിൽവേ മന്ത്രി പങ്കുവെച്ചു.
മണിക്കൂറിൽ 180ൽ ഏറെ കിലോമീറ്റർ വേഗത്തിൽ കുതിക്കുന്ന ട്രെയിനിൽ ഗ്ലാസുകളിൽനിന്ന് വെള്ളം തുളുമ്പാതിരിക്കുന്നതും വിഡിയോയിലുണ്ട്. ഉയർന്ന വേഗത്തിൽ ട്രെയിനിൻ്റെ കുതിപ്പ് തൃപ്തികരമാണെന്നും പരീക്ഷണം വിജയകരമാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. സ്വന്തമായി ഒരുക്കിയ സാങ്കേതികവിദ്യയിലേക്കുള്ള പ്രയാണത്തിൽ ഇന്ത്യൻ റെയിൽവേ സുപ്രധാന നാഴികക്കല്ല് പിന്നിട്ടതായി മന്ത്രാലയ ഉദ്യോഗസ്ഥർ അറിയിച്ചു.
ദീർഘദൂര യാത്രക്കാരെ ലക്ഷ്യമിട്ട് കിടന്ന് സഞ്ചരിക്കാവുന്ന പുതിയ ട്രെയിൻ എന്നു മുതൽ ഏത് റൂട്ടിൽ തുടങ്ങുമെന്ന് വ്യക്തമായിട്ടില്ല. വന്ദേ ഭാരത് സ്ലീപ്പർ 2025 ഡിസംബറിൽ സർവിസ് തുടങ്ങുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് പറഞ്ഞിരുന്നു. 16 കോച്ചുകളുള്ള വന്ദേ ഭാരത് സ്ലീപ്പറിൽ അത്യാധുനിക സൗകര്യങ്ങളാണ് സജ്ജീകരിച്ചത്.
സുഖപ്രദമായ സ്ലീപ്പർ ബെർത്തുകൾ, ആധുനിക സസ്പെൻഷൻ സംവിധാനങ്ങൾ, ഓട്ടോമാറ്റിക് വാതിലുകൾ, ആധുനിക ടോയ്‌ലറ്റുകൾ, തീപിടിത്തം തടയാനുള്ള സംവിധാനങ്ങൾ, സുരക്ഷാ നിരീക്ഷണ സംവിധാനങ്ങൾ, ഡിജിറ്റൽ പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റങ്ങൾ എന്നിവ ഇതിലുൾപ്പെടുന്നു. യാത്രക്കാർക്ക് സുരക്ഷിതവും സുഖകരവും ലോകോത്തരവുമായ യാത്രാനുഭവം നൽകുക എന്നതാണ് ലക്ഷ്യമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
No comments