Ind vs SA Match Analysis

വാശിയേറിയ റാഞ്ചി ഏകദിന മത്സരത്തിൽ 17 റൺസ് വിജയം നേടാൻ ഇന്ത്യയെ സഹായിച്ചത് അധികപ്പറ്റെന്നു പലരും ആക്ഷേപിച്ച സീനിയർ താരങ്ങളുടെ അനുഭവസമ്പത്ത്. ഒരിക്കൽ കൂടി ടോസ് നഷ്ടപ്പെട്ടു ബാറ്റിങിനിറങ്ങിയ ഇന്ത്യ 8 വിക്കറ്റുകൾ നഷ്ടത്തിൽ ഉയർത്തിയ 350 റൺസെന്ന ലക്ഷ്യത്തിന്റെ തൊട്ടടുത്ത് വരെ എത്തിച്ചേരാൻ തുടക്കത്തിലേ തകർച്ച മറികടന്ന ദക്ഷിണാഫ്രിക്കക്ക് സാധിച്ചു. ഒരു ഘട്ടത്തിൽ 11 റൺസിന് മൂന്നു വിക്കറ്റ് നഷ്ടപ്പെട്ട ദക്ഷിണാഫ്രിക്ക സ്കോർ 332 റൺസ് എടുത്താണ് അവസാന ഓവറിൽ ഓൾ ഔട്ട് ആയത്.

സീനിയർ താരങ്ങൾ നിർണ്ണായകമായി

കളിയുടെ രണ്ടാം പകുതിയിൽ ഈർപ്പത്തിന്റെ സാന്നിധ്യത്തിൽ ബൗളിംഗ് ദുഷ്കരമാകും എന്നറിവുള്ള ഇന്ത്യക്കു ആദ്യ പകുതിയിൽ മികച്ച സ്കോർ ഉയർത്തുക എന്നത് നിർണായകമായിരുന്നു. കളിയുടെ തുടക്കത്തിൽ തന്നെ ഓപ്പണർ ജയ്സ്വാളിനെ നഷ്‌ടമായത്തോടെ നില പരുങ്ങലിൽ ആയി. എന്നാൽ സീനിയർ താരങ്ങളായ രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും ഒന്നിച്ചതോടെ കളിയുടെ ഗതി മാറി. പിച്ച് പഴകുന്തോറും ബാറ്റിലേക്കുള്ള പന്തിന്റെ വരവ് പ്രയാസകരമാകും എന്ന് മനസിലാക്കിയ ഇരുവരും തുടക്കം മുതൽക്കേ ആക്രണമിച്ചു തന്നെ കളിച്ചു ഏകദേശം 8 റൺസ് റൺറേറ്റ് നിലനിർത്താൻ ശ്രദ്ധിച്ചു.

135 റൺസ് നേടിയ തന്റെ 52-ാം ഏകദിന സെഞ്ച്വറി തികച്ച കോഹ്ലി ഒരൊറ്റ ഫോർമാറ്റിൽ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര സെഞ്ച്വറി എന്ന സച്ചിന്റെ റെക്കോർഡ് പഴങ്കഥയാക്കി. അർധസെഞ്ചുറി നേടിയ രോഹിത് ആകട്ടെ ഏകദിന ക്രിക്കറ്റിൽ  ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന താരമെന്ന ലോക റെക്കോർഡ് കൈപ്പിടിയിലാക്കി. ഇരുവർക്കും പിന്നിലായി വന്ന യുവതാരങ്ങളായ ഋതുരാജൂം, വാഷിംഗ്‌ടൺ സുന്ദറും പിച്ചിന്റെ മാറ്റം മനസ്സിലാക്കാതെ വേഗം പുറത്തായെങ്കിലും അർധസെഞ്ചുറി നേടിയ നായകൻ കെ എൽ രാഹുലും വെറ്ററൻ താരം ജഡേജയും പക്വതയോടെ ബാറ്റ് ചെയ്ത ഇന്ത്യൻ സ്കോർ 8 വിക്കറ്റിന് 349 എന്ന മികച്ച നിലയിൽ എത്തിച്ചു.

എന്നാൽ രണ്ടാം ഉന്നിങ്സിൽ ഇന്ത്യൻ ബൗളിംഗ് നിര തുടക്കത്തിലേ ഞെട്ടിച്ചു. 22 ഓവറിൽ 135 എന്ന അവസ്ഥയിലെത്തിയ വിരുന്നുകാർ ഒരു ശക്തമായ മത്സരം കാഴ്ചവെക്കും എന്നധികമാരും പ്രതീക്ഷിച്ചു കാണില്ല. എന്നാൽ മഞ്ഞിന്റെ വരവും ഇന്ത്യൻ ബൗളർമാരുടെ പരിചയക്കുറവും കളിയെ മാറ്റിമറിച്ചു. ബ്രീഡ്സ്‌കേ 72 റൺസുമായി ടോപ് സ്കോറർ ആയെങ്കിലും ഇന്ത്യയെ വിയർപ്പിച്ചത് 39 പന്തിൽ 70 റൺസെടുത്ത മാർക്കോ ജാൻസണും 67 റൺസുമായി അവസാനം വേറെ പൊരുതിയ ബോസ്ച്ചും ആയിരുന്നു. ഇന്ത്യക്കായി കുൽദീപ് യാദവ് നാല് വിക്കറ്റുകളും അർശ്ദീപും ഹർഷിത്തും യഥാക്രമം രണ്ടും മൂന്നും വിക്കറ്റുകളും വീഴ്ത്തി.

കളിയുടെ ഫലം നമുക്ക് നൽകുന്ന സന്ദേശം പ്രതിഭാശാലികളായ യുവതാരങ്ങൾ ഉണ്ടെങ്കിലും ഉടനെയൊന്നും രോഹിത്തിന്റെയോ, കൊഹ്ലിയുടെയോ, രാഹുലിന്റേയോ ജഡേജയുടെയോ പരിചയസമ്പത്തിനു പകരക്കാർ ആവാൻ ഉടനെ ഒന്നും അവർക്ക് കഴിയില്ല എന്ന് തന്നെ ആണ്.