ഡയാലിസിസ് സെന്ററിന് ഫണ്ട്: വേടനും സംഘവും ഞായറാഴ്ച കണ്ണൂരിൽ റാപ് ഷോ അവതരിപ്പിക്കും
റാപ്പ് മ്യൂസിക് താരങ്ങളായ വേടൻ, എം സി കൂപ്പർ, സ്റ്റിക്ക് ക്രിഷ് എന്നിവർ ഒരുമിച്ച് അണിനിരക്കുന്ന റാപ്പ് സംഗീത ദൃശ്യവിസ്മയമായ 'സോൾഫുൾ ബീറ്റ്സ്-2K25' നവംബർ 9 ഞായറാഴ്ച വൈകിട്ട് 6:30 മുതൽ കണ്ണൂർ കളക്ടറേറ്റ് മൈതാനിയിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ചെമ്പേരി വിമല ആശുപത്രിയുടെ ഭാഗമായി ഏഴു വർഷമായി പ്രവർത്തിച്ചു വരുന്ന ഡയാലിസിസ് സെന്ററിന്റെ വിപുലീകരണത്തിനായുള്ള ഫണ്ട് ശേഖരണത്തിനാണ് ഈ റാപ്പ് ഷോ നടത്തുന്നത്. യങ് മൈൻഡ്സ് മെഡിക്കൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് 15 ഡയാലിസിസ് മെഷീനുകളോടെ ഡയാലിസസ് സെന്റർ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
15,000 കാണികൾക്ക് സംഗീത വിരുന്ന് ആസ്വദിക്കാൻ കഴിയുന്ന രീതിയിൽ അതിനൂതന സംവിധാനങ്ങളോടെയുള്ള സൗണ്ട് സിസ്റ്റവും ആധുനിക രീതിയിൽ തയ്യാറാക്കിയിട്ടുള്ള സ്റ്റേജ് ഉൾപ്പെടെയുള്ള അതിവിപുലമായ സജ്ജീകരണങ്ങളാണ് 'സോൾഫുൾ ബീറ്റ്സി'നായി ഒരുക്കിയിട്ടുള്ളത്.
റാപ്പ് സംഗീതജ്ഞരായ വേടൻ, എം സി കൂപ്പർ, സ്റ്റിക്ക് ക്രിഷ് എന്നിവർ ഒരുമിച്ചണിനിരക്കുന്ന ഇത്തരമൊരു റാപ്പ് ഷോ മലബാറിൽ ആദ്യമായാണ് നടക്കുന്നതെന്ന് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഫാ. ജോമോൻ ചെമ്പകശേരി കണ്ണൂർ പ്രസ് ക്ലബ്ബിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
No comments