നിയമനടപടികളുമായി മുന്നോട്ടുപോകാൻ പരാതിക്കാരിക്ക് താൽപ്പര്യമില്ല; യുവനടിയുടെ മൊഴിയിൽ രാഹുലിനെതിരെ കേസെടുക്കില്ല
*കൊച്ചി* : യുവനടിയുടെ മൊഴിയിൽ രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ കേസ് എടുക്കില്ല. നിയമനടപടികളുമായി മുന്നോട്ടുപോകാൻ യുവനടിക്ക് താല്പര്യമില്ലാത്തതിനാൽ കേസെടുക്കേണ്ടതില്ലെന്നാണ് അന്വേഷണസംഘത്തിൻ്റെ തീരുമാനം. പരാതി ഇല്ലെങ്കിൽ കോടതിയിൽ തിരിച്ചടിയാകുമെന്നുമാണ് ക്രൈംബ്രാഞ്ച് വിലയിരുത്തൽ.
യുവനടിയെ കേസിലെ സാക്ഷിയാക്കാനാണ് ക്രൈംബ്രാഞ്ച് നീക്കം. രാഹുൽ പിന്തുടർന്ന് ശല്യം ചെയ്തെന്ന് യുവ നടിയുടെ മൊഴി നൽകിയിരുന്നു. ചാറ്റുകളുടെ സ്ക്രീൻഷോട്ടും അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് യുവനടിയെ സാക്ഷിയാക്കുന്നത്.
അതേസമയം, സമൂഹ മാധ്യമങ്ങൾ വഴിയുള്ള അപകീർത്തി പരാമർശങ്ങളിൽ നടി മുഖ്യമന്ത്രി പിണറായി വിജയനും സൈബർ പൊലീസിനും, എറണാകുളം റൂറൽ എസ്.പി, മുനമ്പം ഡിവൈഎസ്പി എന്നിവർക്കും പരാതി നൽകിയിരുന്നു. രാഹുൽ ഈശ്വർ, ഷാജൻ സ്കറിയ അടക്കമുള്ളവർക്കെതിരെയാണ് പരാതി നൽകിയത്. വിവിധ ഓൺലൈൻ ചാനലുകളുടെ ലിങ്കുകളും പരാതിയിൽ നൽകിയിട്ടുണ്ട്.
യുവനേതാവിൽ നിന്ന് മോശം അനുഭവമുണ്ടായെന്ന വെളിപ്പെടുത്തലിന് പിന്നാലെയാണ് നടിക്കെതിരെ സൈബർ ആക്രമണമാണ് ഉണ്ടായത്. സോഷ്യൽ മീഡിയയിലെ ചിത്രങ്ങൾ വച്ചാണ് നടിക്കെതിരെ അധിക്ഷേപ കമന്റുകളും, പോസ്റ്റുകളും പ്രചരിപ്പിച്ചത്. അതേസമയം, യുവ നേതാവിനെതിരായ ആരോപണങ്ങളിൽ നിയമ നടപടികൾ സ്വീകരിക്കില്ലെന്നും എന്നാൽ പോരാട്ടം തുടരുക തന്നെ ചെയ്യുമെന്നും ഇൻസ്റ്റഗ്രാം കുറിപ്പിലൂടെ അവർ പറഞ്ഞിരുന്നു.
No comments