ഓൺലൈൻ തട്ടിപ്പ്; നാലുപേർക്ക് 1.76 ലക്ഷം നഷ്ടമായി.
കണ്ണൂർ : ഓൺലൈൻ തട്ടിപ്പിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിലായി നാലുപേർക്ക് 1,76,400 രൂപ നഷ്ടമായി. ടെലിഗ്രാം വഴി ട്രേഡിങ് ചെയ്യാനുള്ള തട്ടിപ്പുകാരുടെ നിർദേശത്തിനനുസരിച്ച് പണം നിക്ഷപിച്ച വളപട്ടണം സ്വദേശിയായ യുവതിക്ക് 1,07,800 രൂപ നഷ്ടമായി. പിന്നീട് പണമോ ലാഭവിഹിതമോ നൽകാതെ വഞ്ചിച്ചെന്നാണ് കേസ്.
കണ്ണൂർ വിമാനത്താവളത്തിൽ ജോലി വാഗ്ദാനംചെയ്ത് നടത്തിയ തട്ടിപ്പിൽ കൂത്തുപറമ്പ് സ്വദേശിനിയുടെ 14,800 രൂപ നഷ്ടമായി. വ്യാജ സ്ഥിരനിക്ഷേപ പദ്ധതിയിൽ പണം നിക്ഷേപിച്ച വളപട്ടണം സ്വദേശിയുടെ 20,300 രൂപ നഷ്ടമായി. വാട്സാപ്പിൽ സന്ദേശം കണ്ടതിനെത്തുടർന്നാണ് പണമടച്ചത്. ആംപ്ലിഫയർ വാങ്ങാൻ 33,500 രൂപ അയച്ചുകൊടുത്ത ന്യൂ മാഹി സ്വദേശി തട്ടിപ്പിനിരയായി. പരസ്യസന്ദേശം ലഭിച്ചതിനെത്തുടർന്നാണ് ഓൺലൈൻ പർച്ചേസ് നടത്തിയത്. നിക്ഷേപിച്ച തുകയോ സാധനമോ നൽകാതെ വഞ്ചിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.
No comments