സംസ്ഥാനത്ത് എലിപ്പനി പടര്‍ന്നു പിടിക്കുന്നു
"തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി പടര്‍ന്നു പിടിക്കുന്നു. 11 മാസത്തിനിടെ സംസ്ഥാനത്ത് 5000 ലധികം രോഗബാധിതരായി. ഇതുവരെ 356 പേര്‍ എലിപ്പനി ബാധിച്ചു മരിച്ചു. എലി, പൂച്ച, നായ, കന്നുകാലികള്‍ എന്നിവയുടെ മൂത്രത്തിലുമുള്ള ലപ്‌റ്റോ സ്‌പൈറോ ബാക്ടീരിയകളാണ് എലിപ്പനിക്ക് കാരണം. ശരീരത്തിലുണ്ടാകുന്ന ചെറിയ മുറിവുകളിലൂടെയും രോഗബാധയുണ്ടാകാം. മഴക്കാലത്തും വെള്ളക്കെട്ടുകള്‍ ഉണ്ടാകുന്ന സാഹചര്യങ്ങളിലും രോഗം പടരാന്‍ സാധ്യതയുണ്ട്.
പ്രതിമാസം 32 പേര്‍ എലിപ്പനി ബാധിച്ചു മരിക്കുന്നുണ്ടെന്നാണ് റിപോര്‍ട്ട്. ഈ വര്‍ഷം മരിച്ച 386 പേരില്‍ 207 പേര്‍ക്ക് മരണത്തിന് മുമ്പ് രോഗം സ്ഥിരീകരിച്ചിരുന്നു. 149 പേരുടെ മരണം എലിപ്പനി ലക്ഷണങ്ങളോടെയുമാണ്.
ശക്തമായ തലവേദനയോടും, ശരീരവേദനയോടും കൂടിയ പനിയാണ് പ്രധാന ലക്ഷണം. കണ്ണിനു ചുവപ്പ് നിറം, വെളിച്ചത്തിലേക്ക് നോക്കാന്‍ പ്രയാസം, വിശപ്പില്ലായ്മ, മനംപിരട്ടല്‍, വയറ്റില്‍ വേദന, വയറ്റില്‍ അസ്വസ്ഥത, ത്വക്കില്‍ ചുവന്ന പാടുകള്‍ എന്നിവ ഉണ്ടാകാം. പനിയോടൊപ്പം മഞ്ഞപ്പിത്തം, വൃക്ക തകരാറ് (മൂത്രത്തിന്റെ അളവ് കുറയുക, രക്തം കലര്‍ന്ന മൂത്രം), രക്തസ്രാവം, ശ്വാസതടസ്സം എന്നിവ ഉണ്ടാകാം. ഇത് മരണം വരെ സംഭവിക്കാന്‍ കാരണമായേക്കാം.
വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളിലും മണ്ണിലും ഇറങ്ങുമ്പോള്‍ കയ്യുറയും ബൂട്ടും ഉപയോഗിക്കുക. ഭക്ഷണാവശിഷ്ടങ്ങള്‍ കൃത്യമായി സംസ്‌കരിക്കുക, പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി ഉപയോഗിക്കുക, തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. രോഗസാധ്യതയുള്ള ജോലികള്‍ ചെയ്യുന്നവര്‍ ഡോക്ടറുടെ നിര്‍ദേപ്രകാരം പ്രതിരോധ മരുന്ന് (ഡോക്‌സിസൈക്ലിന്‍) കഴിക്കുക, സ്വയം ചികില്‍സ നടത്താതിരിക്കുക എന്നീ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചാല്‍ എലിപ്പനി തടയാനാകും."
No comments