പെട്രോൾ-ഡീസൽ ആഡംബര വാഹനങ്ങൾ നിരോധിച്ചുകൂടേ-ചോദ്യവുമായി സുപ്രീം കോടതി
ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള കേന്ദ്ര സർക്കാർ നടപടികൾ ഫലപ്രദമാകാൻ ഏറ്റവുമാദ്യം ആഡംബര പെട്രോൾ-ഡീസൽ കാറുകൾ ഘട്ടംഘട്ടമായി നിർത്തലാക്കുകയല്ലേ വേണ്ടതെന്ന ചോദ്യവുമായി സുപ്രീം കോടതി. ഇ.വി നയം കാര്യക്ഷമമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജി പരിഗണിച്ച് ജസ്റ്റിസുമാരായ സൂര്യ കാന്ത്, ജോയ്മാല്യ ബാഗ്‌ചി എന്നിവരടങ്ങുന്ന ബെഞ്ചാണ് ഈ നിരീക്ഷണം നടത്തിയിരിക്കുന്നത്.
ഇലക്ട്രിക് വാഹന വിപണിയിൽ ഇപ്പോൾ വലിയ പ്രീമിയം വാഹനങ്ങൾ എത്തിത്തുടങ്ങിയിട്ടുണ്ട്. പല വിഐപികളും വലിയ കമ്പനികളുമെല്ലാം ഉപയോഗിക്കുന്ന ഐസിഇ ആഡംബര വാഹനങ്ങളിലുള്ളതിന് സമാനമായ സംവിധാനങ്ങളും ഇത്തരം ഇ.വികളിൽ നൽകുന്നുണ്ടെന്നും ജസ്റ്റിസ് സൂര്യ കാന്ത് പറഞ്ഞു. പരമ്പരാഗത ഇന്ധനങ്ങൾ ഉപയോഗിക്കുന്ന ആഡംബര വാഹനങ്ങൾക്ക് 'നിരോധനം' ഏർപ്പെടുത്തുന്നത് പ്രായോഗികമാണോയെന്ന് പഠിക്കാനും അദ്ദേഹം നിർദേശിച്ചു.
ഇത്തരം വാഹനങ്ങൾ നിരോധിക്കുന്നത് രാജ്യത്തെ സാധാരണക്കാരെ ബാധിക്കുന്ന കാര്യമല്ല. ഇന്ത്യയിലെ ജനസംഖ്യയുടെ വളരെ ചെറിയൊരു ശതമാനം ആളുകൾക്ക് മാത്രമേ ഇത്തരത്തിലുള്ള വാഹനങ്ങൾ വാങ്ങാൻ സാധിക്കൂ. ഞാൻ ഒരു കമ്പനിയുടെയും പേര് പറയാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സുപ്രീം കോടതിയുടെ ഈ നിർദേശത്തോട് അനുകൂല നിലപാടാണ് സർക്കാരിനുമുള്ളതെന്നാണ് കേന്ദ്രത്തിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ ആർ.വെങ്കിട്ടരമണി പറഞ്ഞത്. സർക്കാർ ഈ ആശയവുമായി മുന്നോട്ട് പോകുകയാണെന്നും
കേന്ദ്രത്തിന്റെ 13 മന്ത്രാലയങ്ങൾ ഇക്കാര്യത്തിൽ സജീവമായ ഇടപെടൽ നടത്തുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
മുമ്പ് ഇലക്ട്രിക് വാഹനങ്ങളുടെ വില വളരെ കൂടുതലായിരുന്നു. അതുകൊണ്ട് തന്നെ ഇത്തരം വാഹനങ്ങൾ വാങ്ങുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ പലവിധ സബ്‌സിഡികൾ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഇപ്പോൾ ഇലക്ട്രിക് വാഹന ഉപയോക്താക്കൾ നേരിടുന്ന പ്രധാന വെല്ലുവിളി ചാർജിങ് സ്റ്റേഷനുകളുടെ കുറവാണെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ പ്രശാന്ത് ഭൂഷൻ കോടതിയെ അറിയിച്ചു.
നിരത്തുകളിൽ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം വർധിക്കുന്നതിന് അനുസരിച്ച് കൂടുതൽ ചാർജിങ് സ്റ്റേഷനുകളും വരുമെന്ന് സുപ്രീം കോടതി പറഞ്ഞു. ഇത് വിപണിയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. കൂടുതൽ പെട്രോൾ പമ്പുകളിൽ ഇലക്ട്രിക് വാഹന ചാർജിങ് സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നും ബെഞ്ച് നിർദേശിച്ചു. ഇലക്ട്രിക് വാഹന നയം പുനപരിശോധിക്കണമെന്നും കോടതി പറഞ്ഞു. കേസ് നാല് ആഴ്ചകൾക്ക് ശേഷം വീണ്ടും പരിഗണിക്കും.
No comments