ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ചുവപ്പ് കാർഡ്; പോർച്ചുഗലിനെ അട്ടിമറിച്ച് അയർലൻഡ്
ഫിഫ ലോകകപ്പ് 2026 യോഗ്യത റൗണ്ടിൽ അയർലൻഡിനോട് പരാജയപ്പെട്ട് പോർച്ചുഗൽ. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ചുവപ്പുകാർഡ് കണ്ട് പുറത്തായ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് പോർച്ചുഗലിന്റെ പരാജയം. ചുവപ്പുകാർഡ് കണ്ട റൊണാൾഡോയ്ക്ക് അടുത്ത മത്സരം നഷ്ടമാകാനും സാധ്യതയുണ്ട്. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ അർമേനിയയ്ക്കെതിരെയാണ് പോർച്ചുഗലിന്റെ അടുത്ത മത്സരം.
പോർച്ചുഗലിനെതിരായ മത്സരത്തിന്റെ ആദ്യ പകുതിയിലാണ് അയർലാൻഡ് രണ്ട് ഗോളുകളും നേടിയത്. 17, 45 മിനിറ്റുകളിൽ ട്രോയി പാരോറ്റ് ഐറീഷ് പടയ്ക്കായി വലകുലുക്കി. രണ്ടാം പകുതിയിൽ 60-ാം മിനിറ്റിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ചുവപ്പുകാർഡ് കണ്ടു പുറത്തായി. അയർലാൻഡ് താരം ദാര ഒ'ഷിയയെ കൈമുട്ടുകൊണ്ട് തട്ടിയിട്ടതിനാണ് റൊണാൾഡോയ്ക്ക് ചുവപ്പുകാർഡ് ലഭിച്ചത്. ആദ്യം മഞ്ഞ കാർഡാണ് താരത്തിന് ലഭിച്ചതെങ്കിലും വാർ പരിശോധനയ്ക്ക് ശേഷം കാർഡ് ചുവപ്പായി.
അയർലൻഡിനെതിരായ പരാജയത്തോടെ അർമേനിയയ്ക്കെതിരായ അവസാന മത്സരം പോർച്ചുഗലിന് ലോകകപ്പ് യോഗ്യത നേടുന്നതിൽ നിർണായകമായി. നിലവിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് മൂന്ന് ജയവും ഒരു സമനിലയും ഒരു തോൽവിയുമുള്ള പോർച്ചുഗൽ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ്. എന്നാൽ പോർച്ചുഗൽ അടുത്ത മത്സരം അർമേനിയയോട് പരാജയപ്പെടുകയും ഹങ്കറി അയർലൻഡിനോട് വിജയിക്കുകയും ചെയ്താൽ കാര്യങ്ങൾ മാറിമറിയും. 12 ഗ്രൂപ്പുകളിൽ ഒന്നാം സ്ഥാനത്തെത്തുന്നവർക്ക് ലോകകപ്പിന് യോഗ്യത നേടാം. എന്നാൽ രണ്ടാം സ്ഥാനക്കാരായാൽ വീണ്ടും പ്ലേ ഓഫ് കളിക്കണം. 16 ടീമുകൾക്കാണ് യൂറോപ്പിൽ നിന്നും ലോകകപ്പ് യോഗ്യത നേടാൻ സാധിക്കുക.
No comments