Header Ads

ad728
  • Breaking News

    ചുവട് 2023 ന് മുന്നോടിയായി ശ്രീകണ്ഠപുരം നഗരസഭയിൽ വിളംബര ഘോഷയാത്ര നടത്തി.

     ശ്രീകണ്ഠപുരം : ശ്രീകണ്ഠപുരം നഗരസഭയിൽ കുടുംബശ്രിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ചുവട് പരിപാടിക്ക് മുന്നോടിയായി ശ്രീകണ്ഠപുരം നഗരത്തിൽ വിളംബര ഘോഷയാത്ര നടത്തി. ശ്രീകണ്ഠപുരം നഗരസഭാധ്യക്ഷ ഡോ. കെ വി ഫിലോമിന ടീച്ചർ വിളംബര ഘോഷയാത്ര ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി ആധ്യക്ഷന്മാരായ ജോസഫീന വർഗീസ്, പി പി ചന്ദ്രംഗതൻ, നഗരസഭ കൗൺസിലർമാരായ എം .വി ഷീന ,കെ വി ഗീത, കെ ടി ലീല സി ഡി എസ് ചെയർപേഴ്സൺ ഓമന എന്നിവർ സംസാരിച്ചു. സംസ്ഥാനത്തെ 3 ലക്ഷം അയല്‍ക്കൂട്ടങ്ങളിലും റിപ്പബ്ലിക് ദിനത്തിൽ സംഘടിപ്പിക്കുന്ന 'ചുവട് 2023' എന്ന അയല്‍ക്കൂട്ട സംഗമത്തില്‍ നാല്‍പ്പത്തിയഞ്ച് ലക്ഷം അയല്‍ക്കൂട്ടാംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങളും ബാലസഭാംഗങ്ങളും വയോജന അയല്‍ക്കൂട്ടാംഗങ്ങളും പ്രത്യേക അയല്‍ക്കൂട്ടാംഗങ്ങളും എല്ലാവരും ഭാഗമാകും. ഇരുപത്തിയഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനാനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ അയല്‍ക്കൂട്ട കുടുംബാംഗങ്ങളുടെ ജീവിതത്തിലും പൊതുസമൂഹത്തിലും കുടുംബശ്രീ സൃഷ്ടിച്ച മാറ്റങ്ങള്‍, ആരോഗ്യം, പൊതു ശുചിത്വം, വൃത്തിയുള്ള അയല്‍ക്കൂട്ട പരിസരം, അയല്‍ക്കൂട്ട കുടുംബങ്ങളുടെയും പ്രദേശത്തിന്റെയും വികസന ആവശ്യങ്ങള്‍ എന്നീ വിഷയങ്ങള്‍ അയല്‍ക്കൂട്ട അംഗങ്ങളുടെ നേതൃത്വത്തില്‍ ഈ സംഗമ ദിനത്തില്‍ ചര്‍ച്ച ചെയ്യും. തുടര്‍ന്ന് സുസ്ഥിര വികസന ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തി സൂക്ഷ്മതല പദ്ധതി ആസൂത്രണം ചെയ്ത് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് അയല്‍ക്കൂട്ടങ്ങള്‍ എ.ഡി.എസിന് (ഏരിയ ഡെവലപ്‌മെന്റ് സൊസൈറ്റി) കൈമാറും. ഇതിൻറെ അടിസ്ഥാനത്തിൽ സിഡിഎസുകൾ അവരുടെ വിഷൻ ഡോക്യുമെന്റ് തയാറാക്കും. 26 ലെ അയൽക്കൂട്ട സംഗമത്തിലെ പ്രധാന പരിപാടികളായി എല്ലാ അയല്‍ക്കൂട്ടങ്ങളിലും രാവിലെ എട്ടു മണിക്ക് ദേശീയ പതാക ഉയര്‍ത്തും. തുടര്‍ന്ന് അയല്‍ക്കൂട്ട സംഗമഗാനം അവതരിപ്പിക്കും. അംഗങ്ങള്‍ ഒരുമിച്ച് കുടുംബശ്രീ യൂട്യൂബ് ചാനല്‍ വഴി അയല്‍ക്കൂട്ട സംഗമ സന്ദേശം കാണുന്നു. വിവിധ വിഷയങ്ങളിലുള്ള ചര്‍ച്ചകൾ. അയൽക്കൂട്ടങ്ങളുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ തുടങ്ങിയവ സംഘടിപ്പിക്കും. അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, മികച്ച വരുമാനദായക ഉപജീവന പ്രവര്‍ത്തനങ്ങള്‍, ആരോഗ്യം, വിദ്യാഭ്യാസം, ഗുണമേന്മയുള്ള ജീവിത നിലവാരം എന്നിവ ഉള്‍പ്പെടെയുള്ള സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നേടുന്നതിനായി കുടുംബശ്രീ സംവിധാനത്തെ പ്രാപ്തമാക്കുന്നതിന്റെ തുടക്കമായി അയല്‍ക്കൂട്ട സംഗമത്തെ മാറ്റുകയാണ് ലക്ഷ്യം. രജത ജൂബിലി ആഘോഷങ്ങള്‍ എല്ലാ അയല്‍ക്കൂട്ടങ്ങളിലും ഒരുമിച്ച് ആഘോഷിക്കുകയും കേരളമാകെ അറിയിക്കുകയും ചെയ്യുക, പൊതു ഇടങ്ങള സ്ത്രീകളുടേതുകൂടിയാണെന്നും അവരുടെ സാമൂഹിക, സാംസ്‌ക്കാരിക, ആവിഷ്‌ക്കാര പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഇടമാണെന്നുമുള്ള തിരിച്ചറിവ് ഉറപ്പാക്കുകയും ചെയ്യുക എന്നതും ചുവട്-2023ന്റെ ലക്ഷ്യങ്ങളാണ്.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728