Header Ads

ad728
  • Breaking News

    പ്രളയകാലത്ത് കേരളത്തിനായി നീട്ടിയ സഹായഹസ്തം സ്മരണീയം'; യു.എ.ഇ പ്രസിഡന്റിന്റെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ

    13/05/2022

    യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. സംസ്ഥാനത്തെയും മലയാളികളെയും സഹായിക്കുന്നതില്‍ സന്തോഷം കണ്ടെത്തിയ വ്യക്തിയായിരുന്നു അദ്ദേഹമെന്നും പ്രളയകാലത്ത് അദ്ദേഹം കേരളത്തിനായി നീട്ടിയ സഹായഹസ്തം സ്മരണീയമാണെന്നും മുഖ്യമന്ത്രി അനുശോന സന്ദേശത്തില്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ വാക്കുകള്‍: ''യു.എ.ഇയും നമ്മുടെ രാജ്യവുമായുള്ള പരസ്പരബന്ധം സുദൃഢമാക്കുന്നതില്‍ വലിയ പങ്കാണ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ വഹിച്ചിരുന്നത്. യു.എ.ഇയിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ സമൂഹത്തിന്റെ ക്ഷേമം ഉറപ്പാക്കുന്ന കാര്യത്തില്‍ അദ്ദേഹം പുലര്‍ത്തിയ കരുതല്‍ എക്കാലവും ഓര്‍മ്മിക്കപ്പെടും. കേരളത്തെയും കേരളീയരെയും സഹായിക്കുന്നതില്‍ സന്തോഷം കണ്ടെത്തിയ വ്യക്തിയായിരുന്നു അദ്ദേഹം. പ്രളയകാലത്ത് അദ്ദേഹം കേരളത്തിനായി നീട്ടിയ സഹായഹസ്തം സ്മരണീയമാണ്. മതനിരപേക്ഷ മനോഭാവം കൊണ്ട് ശ്രദ്ധേയനായ സായിദ് അല്‍ നഹ്യാന്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഒരുപോലെ സ്വീകാര്യനായിരുന്നു.''



    യു.എ.ഇയുടെ ആധുനികവല്‍ക്കരണത്തില്‍ അദ്ദേഹത്തിന്റെ നിര്‍ണായക പങ്കാളിത്തമുണ്ട്. വരും കാലത്തെക്കൂടി കണക്കിലെടുത്ത് വികസനം ഉറപ്പാക്കുന്നതില്‍ കാണിച്ച ദീര്‍ഘ ദര്‍ശിത്വവും ശ്രദ്ധേയമാണ്. ഊഷ്മളവും സൗഹൃദപൂര്‍ണ്ണവുമായ ബന്ധം ഇന്ത്യന്‍ ജനതയുമായി പൊതുവിലും കേരളീയരുമായി പ്രത്യേകിച്ചും എന്നും അദ്ദേഹം പുലര്‍ത്തിപ്പോന്നു. അങ്ങേയറ്റം ദുഃഖകരമാണ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ വിയോഗം.'' അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവരുടെ ദുഃഖത്തില്‍ പങ്കു ചേരുന്നതായി മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728