Header Ads

ad728
  • Breaking News

    ക്ലാസ് മുറികളിൽ ബൈബിൾ'; കർണാടകയിൽ ഹിജാബ് വിലക്കിന് പിന്നാലെ പുതിയ വിവാദം


    __________25_04_2022________

    ബം​ഗളൂരു: കര്‍ണാടക സ്‌കൂളുകളില്‍ ഹിജാബ് വിലക്കിന് പിന്നാലെ പുതിയ വിവാദം. ബംഗളൂരുവിലെ ക്ലേരന്‍സ് ഹൈസ്‌കൂളിലെ ബൈബിള്‍ ചട്ടമാണ് വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. ഈ സ്‌കൂളിലെ എല്ലാ മതത്തില്‍ പെട്ട വിദ്യാര്‍ത്ഥികളും ക്ലാസില്‍ ബൈബിള്‍ കൊണ്ടു വരണമെന്ന ചട്ടമാണ് ഹിന്ദുത്വ സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നത്. ക്രിസ്ത്യന്‍ ഇതര മതത്തില്‍ പെട്ട വിദ്യാര്‍ത്ഥികളും കൈയില്‍ ബൈബിള്‍ കരുതണമെന്ന ചട്ടം ഭരണ ഘടനയുടെ ആര്‍ട്ടിക്കിള്‍ 25 ന്റെയും 30 ന്റെയും ലംഘനമാണെന്ന് ഹിന്ദു ജനജാഗ്രതി സമിതി ആരോപിക്കുന്നു.
    വിഷയം ചര്‍ച്ചയായതോടെ പ്രതികരണവുമായി കര്‍ണാടക വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് രംഗത്തെത്തി. വിദ്യാലയങ്ങളില്‍ മതഗ്രന്ഥം പഠിപ്പിക്കാന്‍ അനുവദിക്കില്ലെന്നും ന്യൂനപക്ഷ വിഭാഗത്തിന്റെ വിദ്യാഭ്യാസ സ്ഥാപനമായാലും ഈ ചട്ടം ബാധകമാണെന്നും ബി സി നാഗേഷ് പറഞ്ഞു. ബൈബിള്‍ വിവാദത്തില്‍ അധികൃതരോട് വിശദീകരണം തേടുമെന്നും മന്ത്രി വ്യക്തമാക്കി.

    അതേസമയം സംഭവം വിവാദമാക്കേണ്ടതില്ലെന്നും രാജ്യത്തെ നിയമ സംഹിതകള്‍ക്കനുസരിച്ച് മാത്രമേ പ്രവര്‍ത്തിക്കൂയെന്നും ക്ലേരന്‍സ് ഹൈസ്‌കൂള്‍ പ്രിന്‍സിപ്പാല്‍ ജെറി ജോര്‍ജ് മാത്യു വ്യക്തമാക്കി. 'ഞങ്ങളുടെ സ്‌കൂളിലെ ചട്ടങ്ങളില്‍ ചിലര്‍ക്ക് അതൃപ്തിയുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. ഞങ്ങളുടേത് സമാധാനം ആഗ്രഹിക്കുന്ന, നിയമം അനുസരിക്കുന്ന സ്‌കൂളാണ്. വിഷയത്തില്‍ അഭിഭാഷകരുടെ അഭിപ്രായം തേടിയിട്ടുണ്ട്. അവരുടെ ഉപദേശം സ്വീകരിക്കും. ഞങ്ങള്‍ രാജ്യത്തെ നിയമം ലംഘിക്കില്ല,' പ്രിന്‍സിപ്പാല്‍ ജെറി ജോര്‍ജ് മാത്യു പറഞ്ഞു. ബ്ലോക്ക് എഡ്യുക്കേഷന്‍ ഓഫീസര്‍ സ്‌കൂള്‍ സന്ദര്‍ശിക്കുകയും ഇദ്ദേഹത്തിന് വിശദീകരണം നല്‍കിയിട്ടുണ്ടെന്നും പ്രിന്‍സിപ്പാല്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം ബൈബിള്‍ വിവാദം ഉയര്‍ത്തിക്കൊണ്ടു വരാനാണ് ഹിന്ദു ജന ജാഗ്രതി സമിതിയുടെ തീരുമാനം. സംഭവത്തില്‍ വിദ്യാഭാസ മന്ത്രിയെ കണ്ട് ആശങ്കയറിയിക്കുമെന്ന് സംഘടനാ പ്രതിനിധി രമേശ് ഷിന്‍ഡെ വ്യക്തമാക്കി.
    സംസ്ഥാനത്ത് സർക്കാർ സ്കൂളുകളിൽ ഹിജാബ് ധരിക്കുന്നത് വിലക്കിയ നട‍പടി ആഴ്ചകൾ നീണ്ട പ്രശ്നങ്ങൾക്ക് വഴിവെച്ചതിന് പിന്നാലെയാണ് ബൈബിളും ചർച്ചയിലേക്ക് വരുന്നത്. നിലവിൽ കർണാടകയിൽ ക്ലാസ് മുറികളിൽ ഹിജാബ് ധരിക്കാൻ വിദ്യാർത്ഥിനികൾക്ക് അനുവാദമില്ല. യൂണിഫോം നിര്‍ദ്ദേശിക്കുന്നത് മൗലികാവകാശങ്ങള്‍ക്ക് മേലുള്ള ന്യായമായ നിയന്ത്രണമാണെന്ന് ചൂണ്ടിക്കാട്ടി കർണാടക ഹൈക്കോടതി ഹിജാബ് വിലക്ക് ശരിവെക്കുകയായിരുന്നു.ഇതിനിടെ കർണാടകയിൽ സ്കൂൾ സിലബസിൽ ഭ​ഗവദ്​​ഗീതയും ഉൾപ്പെടുത്താൻ സർക്കാർ തലത്തിൽ ശ്രമങ്ങൾ നടക്കുന്നുണ്ട്. വിദ്യാഭ്യാസ മന്ത്രി ബിസി നാ​ഗേഷ് ആണ് കഴിഞ്ഞ മാസം ഇക്കാര്യം വ്യക്തമാക്കിയത്. ഇത് സംബന്ധിച്ച് വിദ്യാഭ്യാസ വിദ​ഗ്ധരുമായി ചർച്ച നടത്തുമെന്നും ​സമാന നീക്കം ​ഗുജറാത്ത് നടത്തുന്നുണ്ടെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടി.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728