Header Ads

ad728
  • Breaking News

    അടൂരിലെ വീട്ടില്‍ സൂക്ഷിച്ച മൂര്‍ഖനുമായി മേയ് ആറിന് വൈകീട്ട് 6.30-ഓടെയാണ് സൂരജ് അഞ്ചലിലെ ഉത്രയുടെ വീട്ടിലെത്തിയത്. കാറിലെ കറുത്ത തോള്‍സഞ്ചിയില്‍ പ്ലാസ്റ്റിക് കുപ്പിയിലായിരുന്നു പാമ്പ്. #News #UthraMurderCase

    കൊല്ലം: അടൂരിലെ വീട്ടിൽ സൂക്ഷിച്ച മൂർഖനുമായി മേയ് ആറിന് വൈകീട്ട് 6.30-ഓടെയാണ് സൂരജ് അഞ്ചലിലെ ഉത്രയുടെ വീട്ടിലെത്തിയത്. കാറിലെ കറുത്ത തോൾസഞ്ചിയിൽ പ്ലാസ്റ്റിക് കുപ്പിയിലായിരുന്നു പാമ്പ്. ഉത്രയുടെ സഹോദരൻ വിഷു മുകൾ നിലയിലെ മുറിയിലേക്കു പോയെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ബാഗ് കാറിൽനിന്നെടുത്ത് കിടപ്പുമുറിയിൽ കൊണ്ടുവന്നത്.

    രണ്ടാമത്തെ വധശ്രമത്തിനായി ഏപ്രിൽ 24-നാണ് സൂരജ് ചാവർകാവ് സുരേഷിൽനിന്ന് മൂർഖനെ വാങ്ങിയത്. അണലി കടിച്ചതിന് ചികിത്സയിലായിരുന്ന ഉത്രയ്ക്ക് എഴുന്നേറ്റ് നടക്കാൻ കഴിഞ്ഞിരുന്നില്ല. ഉത്രയ്ക്ക് വസ്ത്രങ്ങൾ നന്നായി ധരിക്കാൻ കഴിയാത്തതിനാൽ ജനാല ഒരിക്കലും തുറന്നിടുമായിരുന്നില്ല. രാത്രി ഉത്രയുടെ അമ്മ തയ്യാറാക്കി നൽകിയ ജ്യൂസ് സൂരജ് കുടിച്ചില്ല. മയങ്ങാനുള്ള ഗുളിക ചേർത്ത് ഉത്രയെക്കൊണ്ട് കുടിപ്പിച്ചു. അർധരാത്രിയോടെയാണ് ഇരുവരും ഉറങ്ങാൻ കിടന്നത്. പുലർച്ചെ രണ്ടരയോടെ പാമ്പിനെ പുറത്തെടുത്തു.


    പാമ്പിന്റെ തലയിൽ ബലം പ്രയോഗിച്ച് വായ തുറപ്പിച്ച് ഉത്രയുടെ ഇടതുകൈത്തണ്ടയിൽ കടിപ്പിച്ചു. രണ്ടുതവണ കടിപ്പിച്ച ശേഷം പാമ്പിനെ വലിച്ചെറിഞ്ഞു. പ്ലാസ്റ്റിക് കുപ്പി വീടിന്റെ പുറകുവശത്ത് ഇട്ടശേഷം മടങ്ങിവന്നു. വസ്ത്രങ്ങൾ വെച്ച അലമാരയുടെ ഭാഗത്തേക്കുപോയ പാമ്പ് തിരികെവരുന്നുണ്ടോയെന്നറിയാൻ കാത്തിരുന്നു. അടച്ചിട്ടിരുന്ന ജനാല തുറന്നിടുകയും ജ്യൂസ് കൊണ്ടുവന്ന ഗ്ലാസ് കഴുകിവെക്കുകയും ചെയ്തു.

    രാവിലെ ആറുമണിയോടെ പുറത്തിറങ്ങി അടുക്കളയിലേക്കു ചെന്നു. പതിവില്ലാതെ സൂരജ് നേരത്തെ ഉണർന്നതിനെപ്പറ്റി തിരക്കിയപ്പോൾ രാത്രി ഉറങ്ങിയില്ലെന്നു പറഞ്ഞു. ഏഴുമണിയോടെ ഉത്രയുടെ അമ്മ മണിമേഖല മുറിയിൽ വന്നുനോക്കുമ്പോഴാണ് ഉത്രയുടെ വായ തുറന്നിരിക്കുന്നതും കൈ കട്ടിലിൽനിന്ന് താഴേക്കു വീണുകിടക്കുന്നതും കണ്ടത്.

    അമ്മയുടെ നിലവിളികേട്ട് ചെന്നപ്പോൾ ഉത്ര അനക്കമില്ലാതെ കിടക്കുകയായിരുന്നു. തുടർന്ന് മാതാപിതാക്കളും സൂരജും കൂടി അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയി. ഡോക്ടറുടെ മുറിയിലേക്കു ചെന്ന സൂരജ് കൈയിൽ പാടുണ്ട്, നോക്കണേ എന്നുപറഞ്ഞു. ഇറങ്ങിവന്നിട്ട് പാമ്പുകടിച്ചതാണെന്ന് ഡോക്ടർ പറഞ്ഞെന്ന് ഉത്രയുടെ മാതാപിതാക്കളോടു പറഞ്ഞു. ഉത്രയുടെ സഹോദരൻ വിഷുവിനെയും കൂട്ടി വീട്ടിലേക്കു പോയി. കിടപ്പുമുറിയിൽ കയറി വിഷുവിനോട് അലമാരയുടെ താഴെ പാമ്പുണ്ടെന്ന് പറഞ്ഞ് ഇറങ്ങിപ്പോയി. വിഷുവാണ് പാമ്പിനെ തല്ലിക്കൊന്നത്.

    പാമ്പുകടി സ്വാഭാവികമല്ലെന്ന് തെളിവുകൾ

    ഉത്രയ്ക്ക് പാമ്പുകടിയേറ്റ രണ്ട് അവസരങ്ങളിലും മുറിയിൽ പാമ്പ് സ്വാഭാവികമായി എത്താനോ ആക്രമണസ്വഭാവത്തോടെ കടിക്കാനോ സാധ്യതയില്ലെന്നായിരുന്നു വിദഗ്ധരുടെ മൊഴി. ജനാല ഒരിക്കലും തുറന്നിടാറില്ല. മുറിയിൽ ഡെറ്റോൾ ഉപയോഗിക്കുന്നുണ്ടായിരുന്നു. ഇവിടേക്ക് പാമ്പ് എത്താൻ സാധ്യതയില്ല. കൈയിലെ കടിയേറ്റപാട് സ്വാഭാവികമായ പാമ്പുകടിയിൽനിന്ന് വ്യത്യസ്തം.

    അടൂരിലെ സൂരജിന്റെ വീടിന്റെ പരിസരം അണലിയുടെ ആവാസ വ്യവസ്ഥയ്ക്കനുയോജ്യമല്ല. ഉയരങ്ങളിൽ കയറാനിടയില്ലാത്ത അണലി ഉത്രകിടന്ന മുകൾനിലയിൽ എത്തി കടിച്ചുവെന്നത് അവിശ്വസനീയം. മുട്ടിനുതാഴെ കടിയേറ്റതും ഉത്ര വേദന അറിഞ്ഞില്ല എന്നതും സംശയാസ്പദം. അണലിയുടെ കടി അതിവേദനാജനകമാണ്. തലയിൽ മർദം കൊടുക്കുമ്പോൾ മൂർഖന്റെ പല്ലുകൾ അകലുന്നതിന്റെ ദൃശ്യം കോടതിയിൽ കാണിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728