Header Ads

ad728
  • Breaking News

    ഡല്‍ഹിയിലെ കോടതിക്കുള്ളില്‍ വെടിവെപ്പ്; ഗുണ്ടാത്തലവനടക്കം നാലുപേര്‍ കൊല്ലപ്പെട്ടു


    24-09-2021

    ഡൽഹി രോഹിണിയിലെ കോടതിക്കുള്ളിലുണ്ടായ വെടിവെപ്പിൽ നാലുപേർ കൊല്ലപ്പെട്ടു. ഗുണ്ടാത്തലവൻ ജിതേന്ദ്ര ഗോഗി ഉൾപ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്. രോഹിണിയിലെ 206-ാം നമ്പർ കോടതിയിലാണ് രാജ്യത്തെ നടുക്കിയ സംഭവമുണ്ടായത്.

    കുപ്രസിദ്ധ ഗുണ്ടാത്തലവനായ ഗോഗിയെ കോടതിയിൽ ഹാജരാക്കുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. അഭിഭാഷക വേഷത്തിലെത്തിയ രണ്ടുപേർ ഗോഗിയെ വെടിവെച്ച് കൊല്ലുകയായിരുന്നു. ഇതോടെ അക്രമികൾക്ക് നേരേ പോലീസും വെടിയുതിർത്തു. ഏറ്റുമുട്ടലിൽ രണ്ട് അക്രമികളെ പോലീസ് വധിച്ചു.

    ഗോഗിയുടെ എതിർസംഘത്തിലുള്ളവരാണ് കോടതിക്കുള്ളിൽ വെടിവെപ്പ് നടത്തിയതെന്നാണ് വിവരം. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് വെടിവെപ്പിൽ കലാശിച്ചത്. കോടതിക്കുള്ളിൽ ഏകദേശം 40 റൗണ്ട് വെടിയുതിർത്തെന്നാണ് റിപ്പോർട്ട്. ആകെ നാലുപേർ മരിച്ചെന്നും അഭിഭാഷകയടക്കം മൂന്നുപേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

    അതേസമയം, കോടതിക്കുള്ളിൽ ഗുണ്ടാസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടലുണ്ടായിട്ടില്ലെന്ന് ഡൽഹി പോലീസ് കമ്മീഷണർ രാകേഷ് അസ്താന പ്രതികരിച്ചു. ടില്ലു ഗ്യാങ്ങിന്റെ ഭാഗമായ അക്രമികളാണ് ഗോഗിയെ വെടിവെച്ച് കൊലപ്പെടുത്തിയതെന്നും ഇവരെ പോലീസ് സംഘം കീഴ്പ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. അഭിഭാഷക വേഷത്തിലെത്തിയ രണ്ടുപേരാണ് കോടതിക്കുള്ളിൽ വെടിവെപ്പ് നടത്തിയതെന്ന് രോഹിണി ഡി.സി.പി. പ്രണവ് ദായലും മാധ്യമങ്ങളോട് പറഞ്ഞു. ഇതിനുപിന്നാലെ പോലീസ് അക്രമികൾക്ക് നേരേ വെടിയുതിർക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728