Header Ads

ad728
  • Breaking News

    പേരാവൂർ അഗതി മന്ദിരത്തിന് പത്ത് ലക്ഷം രൂപ സഹായം പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ്


    അന്തേവാസികൾക്ക് കൊവിഡ് ബാധിച്ച് പ്രതിസന്ധിയിലായ പേരാവൂരിലെ കൃപാലയം അഗതി മന്ദിരത്തിന് പത്ത് ലക്ഷം രൂപ സഹായ സംഭാവന പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ്. ഉടൻ പണം കൈമാറുമെന്ന് ലുലു ഗ്രൂപ്പ് ഉടമ വ്യവസായി എം എ യൂസഫലി അറിയിച്ചു.

    നൂറിലേറെ പേർക്ക് കൊവിഡ് ബാധിച്ച് പ്രതിസന്ധിയിലായ അഗതിമന്ദിരത്തെക്കുറിച്ചുള്ള റിപ്പോർട്ട് ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തുവിട്ടത്. തെരുവിൽ അലയുന്നവ‍ർ, ആരോരും ഇല്ലാത്ത പ്രായമായവർ. മാനസീക വെല്ലുവിളി നേരിടുന്നവർ, രോഗികൾ ഇങ്ങനെ സമൂഹത്തിന്‍റെ കരുതൽ വേണ്ട ആളുകളെ പാർപ്പിക്കുന്ന ഇടമാണ് പേരാവൂർ തെറ്റുവഴിയിലെ കൃപാഭവനം. 234 അന്തേവാസികളുള്ള ഇവിടെ ഈ മാസം നാലിനാണ് ഒരാൾക്ക് കൊവിഡ് പോസറ്റീവ് ആയത്. പിന്നീടുള്ള പരിശോധനയിൽ കൂടുതൽ പേ‍ർക്ക് വൈറസ് ബാധയുണ്ടെന്ന് കണ്ടെത്തി. രണ്ടാഴ്ചക്കിടെ കൊവിഡ് രോഗികളുടെ എണ്ണം നൂറായി. അഞ്ചുപേർ മരിച്ചു.

    മാനസീക വെല്ലുവിളി നേരിടുന്ന കൊവിഡ് രോഗികളെ ആശുപത്രിയിൽ കൊണ്ടുപോകാനാകാത്ത സാഹചര്യമാണ്. സുമനസുകളുടെ കരുണയിൽ കിട്ടുന്ന സംഭാവനയും ഭക്ഷണസാധനങ്ങളും കൊണ്ട് കഴിഞ്ഞിരുന്ന അഗതി മന്ദിരത്തിൽ ഇപ്പോൾ കൊവിഡായതിനാൽ സഹായത്തിനും ആരും എത്താത്ത സാഹചര്യമായിരുന്നു. 

    ദുരിതാവസ്ഥ പുറത്ത് വന്നതോടെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും സംഭവത്തിൽ ഇടപെട്ടു. മികച്ച ചികിത്സയും സുരക്ഷയും ഉറപ്പാക്കുന്നതിനായി ജില്ലാ കളക്ടറും ജില്ലാ മെഡിക്കൽ ഓഫീസറും അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശം നൽകി. നടപടി സ്വീകരിച്ച ശേഷം ഒരാഴ്ചക്കകം റിപ്പോർട്ട് ഫയൽ ചെയ്യണമെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജു നാഥ് ഉത്തരവിട്ടു. റിപ്പോർട്ട് ലഭിച്ച ശേഷം കണ്ണൂരിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728